അസ്തെകയുടെ വയറ്റില്‍ എന്താണെന്നറിയാമോ? അതൊരു വലിയ നീരുറവയാണ്. പരലോകത്തെ തൊട്ടുരുമ്മി നില്‍ക്കുന്നത്ര ആഴമുള്ളൊരു അടിയൊഴുക്ക്. ഭൂമി തുരന്ന് ഒഴുകുന്ന ഒരു നീരുറവയുടെ മുകളിലാണ് ആ ഫുട്ബോള്‍ ദേവാലയം സ്ഥിതി ചെയ്യുന്നത്. മെക്സിക്കോ സിറ്റിക്കാര് പറയുന്നത് ഫിഫ ലോകകപ്പ് വേദിയായ അസ്തെക സ്റ്റേഡിയത്തെ കുറിച്ചാണ്.
ഈ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല. നാലാം നൂറ്റാണ്ടില്‍ പുകഞ്ഞുണങ്ങിയ ഒരു അഗ്നിപര്‍വതത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് അസ്തെക സ്റ്റേഡിയം നിലകൊള്ളുന്നത്. ദൂരെ നിന്ന് നോക്കിയാല്‍ മെക്സിക്കോക്കാരുടെ പരമ്പരാഗത തൊപ്പിയായ ഒരു ഭീമന് "സോംബ്രെറോ' കണ്മുന്നില് കമഴ്ത്തിവച്ചിരിക്കുന്നത് പോലെ തോന്നും.
ചുറ്റുമുള്ള ഇടുങ്ങിയ തെരുവുകളില്‍ മെക്സിക്കന്‍ വിപ്ലവനായകന് എമിലിയാനോ സപാതയുടെ കൂര്‍ത്ത മീശയുള്ള ചുവര്‍ചിത്രങ്ങള്‍ കാണാം. ശമ്പളവര്‍ദ്ധനവിനായി സമരം ചെയ്യുന്ന അധ്യാപകരും, ഹൈവേകളിലെ തട്ടിക്കൊണ്ടുപോകലിനെതിരേ പ്രതിഷേധിക്കുന്ന ട്രക്ക് ഡ്രൈവര്‍മാരും ചേര്‍ത്തുവെക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നും പക്ഷേ ഈ സ്റ്റേഡിയത്തിന്റെ അതിരുകള്‍ക്കുള്ളിലേക്ക് കടക്കാറില്ല.
അതൊരു പ്രത്യേക ലോകമാണ്. കാവല്‍ നില്ക്കുന്ന നാഷണല്‍ ഗാര്‍ഡിന്റെ സൈനികര്‍ക്ക് നടുവിലും ഈ കളിമുറ്റം ശാന്തമാണ്, ഗാംഭീര്യമുള്ളതുമാണ്. പ്രാദേശികവാസികള്‍ ഈ സ്റ്റേഡിയത്തെ സ്നേഹത്തോടെ "അസ്തെക' എന്നോ "കൊളോസോ' എന്നോ വിളിക്കും.
ഒരു ബാങ്കിംഗ് ഗ്രൂപ്പ് ഇതിനെ "എസ്റ്റാഡിയോ ബാനോര്ട്ടെ' എന്ന് പുനര്‍നാമകരണം ചെയ്തെങ്കിലും ആരും ആ പേര് ഉച്ചരിക്കാറേയില്ല. അവര്‍ക്ക് അവള് വെറുമൊരു കെട്ടിടമല്ല; ചുവരുകള്‍ക്കുള്ളില്‍ ജീവനുള്ള, ശ്വസിക്കുന്ന ഒരു പെണ്‍കരുത്താണ്.
അസ്തെകയ്ക്ക് കാവലായി തൊട്ടടുത്ത് സാന്താ ഉര്‍സുല പള്ളിയുമുണ്ട്. ഫുട്ബോളിന്റെ ചരിത്രത്തില്‍ ദൈവങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവര്‍ സൈ്വര്യവിഹാരം നടത്തിയ മണ്ണാണിത്. പെലെയും ഡീഗോ മറഡോണയും ലോകകിരീടങ്ങള്‍ വാനിലുയര്‍ത്തിയത് ഇതേ അസ്തെകയുടെ പുല്‍ത്തകിടിയിലാണ്.
1970-ല്‍ ഇറ്റലിക്കെതിരേ ഹെഡറിലൂടെ ഗോള്‍ നേടി പെലെ കപ്പുയര്‍ത്തിയപ്പോള്‍ താമസിച്ച മുറി ഇന്നും തൊട്ടടുത്തുള്ള ഒരു കെട്ടിടത്തില്‍ അതുപോലെ സംരക്ഷിച്ചിരിക്കുന്നു. മറഡോണയുടെ വിഖ്യാതമായ "ദൈവത്തിന്റെ കൈ' ഗോള്‍ ഈ സ്റ്റേഡിയത്തിന്റെ മ്യൂസിയത്തില്‍ ഒരു വെങ്കല ശില്പ്പമായി കൊത്തിവെച്ചിട്ടുണ്ട്.
പിന്നീട് മെക്സിക്കന്‍ ക്ലബിന്റെ മാനേജരായി മറഡോണ ഇവിടെ വന്നപ്പോള്‍ ആ ശില്‍പ്പം കണ്ട് പൊട്ടിച്ചിരിച്ചത് ഇവിടുത്തെ ജീവനക്കാര്‍ ഓര്‍ക്കുന്നു. ഇവര്‍ക്ക് പുറമെ ക്ലബിന്റെ ഒരു മത്സരവും മുടക്കാത്ത ഇഗ്നാസിയോ എന്ന സാധാരണക്കാരനായ ഒരു ആരാധകന്റെ പ്രതിമയും ഇവിടെയുണ്ട്.